ടൊറൻ്റോ : സ്കാർബ്റോയിൽ ഇന്ത്യൻ റസ്റ്ററന്റുകൾക്ക് തീയിട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികളുടെ പുതിയ ചിത്രങ്ങൾ ടൊറൻ്റോ പൊലീസ് പുറത്തുവിട്ടു. മെയ് 23 വെള്ളിയാഴ്ച പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ കെന്നഡി റോഡിന് സമീപം 2300 ലോറൻസ് അവന്യൂ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യൻ കുസിനിൽ ആണ് ആദ്യ സംഭവം നടന്നത്. മുഖംമൂടി ധരിച്ച രണ്ട് പേർ റസ്റ്ററൻ്റിൽ അതിക്രമിച്ചു കയറി, ഉള്ളിൽ ആക്സിലറൻ്റ് ഒഴിച്ച് തീയിട്ട ശേഷം രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസമയത്ത് നിരവധി ജീവനക്കാർ റസ്റ്ററൻ്റിൽ ഉണ്ടായിരുന്നെങ്കിലും അവർക്ക് സുരക്ഷിതരായി രക്ഷപ്പെടാൻ കഴിഞ്ഞു. ആർക്കു പരുക്കേറ്റിട്ടില്ല.

അടുത്ത ദിവസം, മെയ് 24 ന്, പുലർച്ചെ ഏകദേശം മൂന്നരയോടെയാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. ലോറൻസ് അവന്യൂ ഈസ്റ്റിനടുത്തുള്ള കെന്നഡി റോഡിലെ ബിസി ബിസി എന്ന റസ്റ്ററൻ്റിലാണ് ആക്രമികൾ തീയിട്ടത്. ഇവിടെയും രണ്ടു പേർ റസ്റ്ററൻ്റിൽ അതിക്രമിച്ച് കയറി, ആക്സിലറേറ്റർ ഒഴിച്ച് കത്തിച്ച ശേഷം എസ്‌യുവിയിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തീപിടുത്ത സമയത്ത് റസ്റ്ററൻ്റിൽ ആരും ഉണ്ടായിരുന്നില്ല, ആർക്കും പരുക്കില്ല.

പ്രതികളെന്ന് സംശയിക്കുന്നവർ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണെന്നും ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇവരെ അവസാനമായി കണ്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംശയിക്കപ്പെടുന്ന വാഹനം ഒരു സിൽവർ എസ്‌യുവി (ഹോണ്ട സിആർ-വി) ആണ്. വാഹനത്തിന്‍റെ ഡാഷ്‌ബോർഡിൽ ഡ്രൈവറുടെ വശത്ത് പർപ്പിൾ ലൈറ്റ് ഉണ്ടെന്നും അധികൃതർ അറിയിച്ചു. രണ്ടു സംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.