വൻകൂവർ : വടക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയിലെ റെഡ് ക്രിസ് ഖനിയിൽ മണ്ണിടിഞ്ഞ് മൂന്ന് തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. ലോകത്തിലെ മുൻനിര ഖനന രക്ഷാ സംഘങ്ങളുമായി ചേർന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. തൊഴിലാളികൾക്ക് പരുക്കേറ്റിട്ടില്ലെന്നും പ്രീമിയർ അറിയിച്ചു. രണ്ടു പേർ ബ്രിട്ടിഷ് കൊളംബിയയിൽ നിന്നുള്ളവരാണ്. മൂന്നാമൻ ഒൻ്റാരിയോയിൽ നിന്നുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഖനിത്തൊഴിലാളികളെ രക്ഷിക്കാൻ എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല.

യുഎസ് ആസ്ഥാനമായുള്ള ന്യൂമോണ്ട് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. റെഡ് ക്രിസ് സൈറ്റിലെ ഭൂഗർഭ മേഖലയിലേക്കുള്ള പ്രവേശന പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്നാണ് ഖനിത്തൊഴിലാളികൾ കുടുങ്ങിയതെന്ന് ന്യൂമോണ്ട് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. തൊഴിലാളികൾക്ക് തുടക്കത്തിൽ കമ്പനിയുമായി ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും, പിന്നീട് വീണ്ടും മണ്ണിടിഞ്ഞു വീണതോടെ ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു.