ഓട്ടവ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎസ് പാസ്പോർട്ടിനെ പിന്തള്ളി കനേഡിയൻ പാസ്‌പോർട്ട്. എന്നാൽ, ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ, ഏഴാം സ്ഥാനത്തായിരുന്ന കനേഡിയൻ പാസ്പോർട്ട് എസ്റ്റോണിയ, യുഎഇ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.

ലോകത്തിലെ ഏറ്റവും ശക്തമായ പത്ത് പാസ്‌പോർട്ടുകളിലൊന്നായ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് വീസ-ഫ്രീ അല്ലെങ്കിൽ വീസ-ഓൺ-അറൈവൽ എന്ന പ്രത്യേകാവകാശം ആസ്വദിക്കാനാവും. കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ-ഫ്രീ ആക്‌സസ്, വീസ ഓൺ അറൈവൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനുകൾ (ഇടിഎ) എന്നിവയിൽ നിന്നുള്ള പ്രത്യേകാവകാശം നേടിക്കൊണ്ട് വീസയില്ലാതെ 184 രാജ്യങ്ങൾ രാജ്യങ്ങൾ സന്ദർശിക്കാനാകും. 182 രാജ്യങ്ങളിലേക്ക് വീസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന യുഎസ് പാസ്‌പോര്‍ട്ട് പത്താം സ്ഥാനത്താണ്.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 193 രാജ്യങ്ങളിലേക്ക് വീസ രഹിത സന്ദര്‍ശനം അനുവദിച്ച് സിംഗപ്പൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്തും, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്താണ്.