ഹാലിഫാക്സ് : നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ പ്രതി ഇന്ത്യൻ വംശജനായ ദീപക് ശർമ്മ കുറ്റം സമ്മതിച്ചു. മരണത്തിന് കാരണമായ അശ്രദ്ധ, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടൽ എന്നീ കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ദീപക് ശർമ്മയ്ക്കുള്ള ശിക്ഷ സെപ്റ്റംബർ 22-ന് വിധിക്കും. ജനുവരി 27-ന് വൈകുന്നേരം അഞ്ചരയോടെ റോബി സ്ട്രീറ്റിനും വെറ്ററൻസ് മെമ്മോറിയൽ ലെയ്‌നിനും സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

50 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിൽ എത്തിയ ദീപക് ശർമ്മ ഓടിച്ചിരുന്ന കറുത്ത ഹോണ്ട സിവിക് 21 വയസ്സുള്ള വിദ്യാർത്ഥിനിയായ അലക്സാണ്ട്രിയ വോർട്ട്മാനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വിൻഡ്ഷീൽഡിൽ കുടുങ്ങിയ അലക്സാണ്ട്രിയ വോർട്ട്മാനുമായി വാഹനം നിർത്താതെ ഓടിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് സമീപത്തുള്ള ഇന്‍റർസെക്ഷനിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചപ്പോൾ മാത്രമാണ് ദീപക് ശർമ്മ വാഹനം നിർത്തിയതെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഡൽഹൗസി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ അലക്സാണ്ട്രിയ വോർട്ട്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.
അലക്സാണ്ട്രിയ വോർട്ട്മാനെ ഇടിച്ചു വീഴ്ത്തുന്നതിന് മുന്നേ വെർനോൺ സ്ട്രീറ്റിൽ എതിരെ വന്ന ഒരു വാഹനത്തിലും മറ്റൊരു ട്രക്കിലും ഇയാൾ ഓടിച്ചിരുന്ന വാഹനം ഇടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതിനിടെയാണ് ജൂബിലി റോഡിന് സമീപം നടക്കുകയായിരുന്ന അലക്സാണ്ട്രിയ വോർട്ട്മാനെ ഇടിച്ചത്. സംഭവസ്ഥലത്ത് ശർമ്മയെയും വോർട്ട്മാനെയും സഹായിക്കാൻ ശ്രമിച്ചവരെ ഇയാൾ ആക്രമിച്ചതായി പൊലീസ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സമീപത്തുള്ള വെറ്ററൻസ് മെമ്മോറിയൽ കെട്ടിടത്തിൽ നിന്നും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

അമിത വേഗത്തിൽ വാഹനമോടിച്ചതിന് ദീപക് ശർമ്മയ്‌ക്കെതിരെ മുമ്പും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി അധികൃതർ അറിയിച്ചു. 2018 മുതൽ ന്യൂബ്രൺസ്വിക്കിൽ അമിതവേഗത്തിൽ സഞ്ചരിച്ചതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഇയാൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
