കനേഡിയൻ വീസ വാഗ്ദാനം ചെയ്ത് വിവാഹ തട്ടിപ്പ് നടത്തിയ പഞ്ചാബ് സ്വദേശിനികളായ അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പഞ്ചാബ് ഖന്ന സ്വദേശിനി സുഖ്ദര്‍ശന്‍ കൗര്‍, മകന്‍ മന്‍പ്രീത് സിങ്, കൂട്ടാളി അശോക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടിഷ് കൊളംബിയ സറേയിൽ താമസിക്കുന്ന മകള്‍ ഹര്‍പ്രീത് കൗറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു.

സുഖ്ദര്‍ശന്‍ കൗര്‍, ഹര്‍പ്രീത് കൗര്‍ എന്നിവര്‍ ചേര്‍ന്നാണ് വിവാഹ തട്ടിപ്പ് നടത്തിയത്. സുഖ്‌ദർശൻ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള മകള്‍ ഹര്‍പ്രീത് കൗറിന് വരന്മാരെ തേടുന്നുവെന്ന് പരസ്യം നല്‍കിയാണ് യുവാക്കളെ കുടുക്കിയിരുന്നത്. ഇരുവരും തട്ടിപ്പിലൂടെ നിരവധി ആളുകളിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെയാണ് ഇവർ ലക്ഷ്യം വെച്ചത്. യുവാക്കളുടെ വിശ്വാസ്യത നേടിയെടുക്കാനായി ഹര്‍പ്രീത് കൗർ വിഡിയോ കാൾ ചെയ്തിരുന്നതുമായി പൊലീസ് അറിയിച്ചു.

തുടര്‍ന്ന് ഹര്‍പ്രീത് കൗറിന് കാനഡയില്‍ സാമ്പത്തിക ബാധ്യതള്‍ ഉണ്ടെന്ന വ്യാജേന യുവാക്കളിൽ നിന്നും പണം വാങ്ങുകയും കല്യാണ നിശ്ചയം നടത്തുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ പിന്നീട് ഓരോ കാരണങ്ങള്‍ പറഞ്ഞ് കല്യാണം നീട്ടിവയ്ക്കുകയോ പ്രതികരിക്കാതിരിക്കുകയോയാണ് സുഖ്ദര്‍ശന്‍ കൗര്‍, ഹര്‍പ്രീത് കൗര്‍ എന്നിവർ ചെയ്തിരുന്നത്. രജ്വീന്ദര്‍ സിങ് എന്ന യുവാവിന് തെറ്റായി ലഭിച്ച സന്ദേശം പുറത്തുവന്നതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ലോകം അറിഞ്ഞത്. സുഖ്ദര്‍ശന്‍ കൗര്‍, മകന്‍ മന്‍പ്രീത് സിങ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കുറഞ്ഞത് 1.60 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. അതേസമയം, ഹര്‍പ്രീതിനെതിരെ ഇതുവരെ കാനഡയില്‍ പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സറേ പൊലീസ് സ്ഥിരീകരിച്ചു.