റെജൈന : ഗ്രാമീണ മേഖലകളിൽ പുതിയ ആരോഗ്യപ്രവർത്തകരെ നിയമിക്കാനൊരുങ്ങി സസ്‌കാച്വാൻ. ആരോഗ്യപ്രവർത്തകരുടെ കുറവ് നികത്താൻ മെച്ചപ്പെടുത്തിയ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായായി സസ്‌കാച്വാൻ ഹെൽത്ത് അതോറിറ്റി (എസ്എച്ച്എ) അറിയിച്ചു. വരും മാസങ്ങളിൽ എല്ലാ കമ്മ്യൂണിറ്റികൾക്കും ആരോഗ്യപ്രവർത്തകരെ എത്തിക്കാനും വൈദ്യസഹായം മെച്ചപ്പെടുത്താനും ഈ പ്രവിശ്യാതല പദ്ധതി ലക്ഷ്യമിടുന്നു.

ഗ്രാമീണ മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ കുറവ് പ്രവിശ്യയിലെ പ്രധാന വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 77 പുതിയ മുഴുവൻ സമയ തസ്തികകളിലൂടെ പ്രാഥമിക ആരോഗ്യ സേവനം, അത്യാഹിത പരിചരണം, ദീർഘകാല പരിചരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രൊഫഷണലുകളെ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇത് ഗ്രാമീണ സമൂഹങ്ങളിലെ ആരോഗ്യ നിലവാരം ഉയർത്താനും രോഗികൾക്ക് വീടിനടുത്തുള്ള പരിചരണം ഉറപ്പാക്കാനും സഹായിക്കുമെന്ന് സസ്‌കാച്വാൻ ഹെൽത്ത് അതോറിറ്റി പറയുന്നു.
