ഓട്ടവ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ഹബീബി ബ്രാൻഡ് പിസ്ത കേർണൽ തിരിച്ചുവിളിച്ചു. ഒൻ്റാരിയോയിലും കെബെക്കിലുമുള്ള ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബാധിത ഉൽപ്പന്നം വിറ്റതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഗ്രീൻ ഫാം പിസ്ത ഇൻകോർപ്പറേറ്റഡ് വിതരണം ചെയ്യുന്ന ഈ ഉൽപ്പന്നം 361.24IR41 ലോട്ട് കോഡുള്ള 10 കിലോഗ്രാം പാക്കേജിലുള്ളതാണ്.

ബാധിച്ച ഉൽപ്പന്നം വിളമ്പുന്നതോ കഴിക്കുന്നതോ ഒഴിവാക്കാൻ ഉപഭോക്താക്കളോട് ഏജൻസി നിർദ്ദേശിച്ചു. ഉപഭോക്താക്കൾ ഇവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം. സാൽമൊണെല്ല ബാക്‌ടീരിയ അടങ്ങിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. കൊച്ചുകുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി ദുർബലമായ വ്യക്തികൾ എന്നിവരിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പനി, വിറയൽ, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

നിലവിൽ ആർക്കും പിസ്ത കഴിച്ചതുമായി ബന്ധപ്പെട്ട് അസുഖം ബാധിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. എന്നാൽ, സാൽമൊണെല്ല അണുബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി അഭ്യർത്ഥിച്ചു.