വൻകൂവർ : കനേഡിയൻ സോഫ്റ്റ്‌വുഡിനുള്ള ആൻ്റി-ഡമ്പിങ് തീരുവ 20.56 ശതമാനമായി ഉയർത്തി യുഎസ് വാണിജ്യ വകുപ്പ്. മാർച്ചിൽ യുഎസ് 20.07% പ്രാഥമിക ആൻ്റി-ഡമ്പിങ് തീരുവ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് ഇത് 7.66 ശതമാനമായിരുന്നു. അതേസമയം ആൻ്റി-ഡമ്പിങ് തീരുവ വർധനയെ അപലപിച്ച് ബി.സി. കൗൺസിൽ ഓഫ് ഫോറസ്റ്റ് ഇൻഡസ്ട്രീസ് രംഗത്ത് എത്തിയിട്ടുണ്ട്. യുഎസ് തീരുമാനം ന്യായീകരിക്കാനാവാത്തത് ആണെന്നും വ്യാപാര നടപടി പ്രവിശ്യയിലും കാനഡയിലുടനീളമുള്ള തൊഴിലാളികൾക്കും കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ദോഷം ചെയ്യുമെന്നും സംഘടന പറയുന്നു. അതേസമയം ഈ മാസം ആദ്യം, അമേരിക്കയുമായുള്ള ഭാവി വ്യാപാര കരാറിൽ സോഫ്റ്റ്‌വുഡ് തടിയുടെ ക്വാട്ടകൾ ഉൾപ്പെടുത്താമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു.

ഫെഡറൽ സർക്കാർ, സോഫ്റ്റ്‌വുഡ് തർക്കത്തിന് അതിവേഗം പരിഹാരം കണ്ടെത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം തടി വിൽപ്പന സജീവമാക്കി, പെർമിറ്റുകൾ അതിവേഗം നൽകി നിയന്ത്രണ തടസ്സങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ബിസി കൗൺസിൽ ഓഫ് ഫോറസ്റ്റ് ഇൻഡസ്ട്രീസ് പറയുന്നു. ഇത്തരം നിരവധി മാറ്റങ്ങളിലൂടെ പ്രവിശ്യാ സർക്കാരിന് ഈ മേഖലയെ സഹായിക്കാൻ സാധിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.