മിസ്സിസാഗ : പീൽ മേഖലയിൽ വാഹനമോഷണം പെരുകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 31 ദിവസത്തിനുള്ളിൽ മിസ്സിസാഗയിലും ബ്രാംപ്ടണിലും 391 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി പീൽ റീജനൽ പൊലീസ് റിപ്പോർട്ട് ചെയ്തു. ഇതിൽ മിസ്സിസാഗയിൽ 184-ഉം ബ്രാംപ്ടണിൽ 206-ഉം ബർലിംഗ്ടണിൽ ഒരു കേസും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ജൂൺ 26 മുതൽ ജൂലൈ 27 വരെയുള്ള കേസുകളിൽ ഏഴെണ്ണം വിജയകരമായി പരിഹരിച്ചു. 367 കേസുകൾ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മോഷ്ടിച്ച വാഹനങ്ങളിൽ 276 എണ്ണം കാറുകളും 25 മോട്ടോർ സൈക്കിളുകളുമാണ്. കൂടാതെ 83 ട്രക്കുകളും മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു. ഏഴെണ്ണം “മറ്റുള്ളവ” എന്ന വിഭാഗത്തിൽ പെടുന്നു. ഗ്രേറ്റ് ലേക്സ് ഡ്രൈവ് മേഖലയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടത്. 16 കേസുകളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തത്.

മിക്ക വാഹനങ്ങളും ഡ്രൈവ്‌വേകളിൽ നിന്നും മോഷ്ടിക്കപ്പെടുന്നതിനാൽ വാഹനങ്ങൾ പൂട്ടിയ ഗാരേജിൽ പാർക്ക് ചെയ്യുക, സ്റ്റിയറിംഗ് വീൽ ലോക്ക് ഉപയോഗിക്കുക, ഡാറ്റ പോർട്ടിൽ ലോക്ക് ഇൻസ്റ്റാൾ ചെയ്യുക, ഗുണനിലവാരമുള്ള വീഡിയോ നിരീക്ഷണ സംവിധാനം സ്ഥാപിക്കുക തുടങ്ങി വാഹനമോഷണത്തെ ചെറുക്കാൻ നിരവധി നിർദ്ദേശങ്ങൾ പീൽ പൊലീസ് മുന്നോട്ടുവയ്ക്കുന്നു.