കിച്ചനർ : വാട്ടർലൂ മേഖലയിലെ എട്ടു ഇന്ത്യൻ അസോസിയേഷനുകൾ സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA). ജൂലൈ 26, 27 തീയതികളിൽ വാട്ടർലൂ പാർക്കിൽ നടന്ന വിവിധ മത്സരങ്ങളിൽ അസോസിയേഷൻ മികച്ച നേട്ടം കൈവരിച്ചതായി GRMA പ്രസിഡൻ്റ് റയീസ് നിഷാദ് അറിയിച്ചു. ജൂലൈ 27-ന് നടന്ന സമാപന, സമ്മാനദാന ചടങ്ങുകൾക്കു വിവിധ പ്രൊവിൻഷ്യൽ, ഫെഡറൽ നേതാക്കളും, വാട്ടർലൂ മേയർ, പൊലീസ് ചീഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

യൂത്ത് വോളീബോളിൽ സർവാധിപത്യം സ്ഥാപിച്ച GRMA ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കി. കൂടാതെ മുതിർന്നവരുടെ വോളിബാൾ ഫൈനൽ മത്സരത്തിൽ തെലുഗ് അസ്സോസിയേഷൻ ടീമിനെ പരാജയപ്പെടുത്തി ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ കിരീടം ചൂടി. യൂത്ത് ഫുട്ബോൾ മത്സരത്തിലും GRMA ടീം ഒന്നാം സ്ഥാനം നേടി. വോളിബാൾ, ഫുട്ബോൾ മത്സരങ്ങൾക്ക് പുറമെ ക്രിക്കറ്റ്, ത്രോബോൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ മുതലായവയും നടന്നു.

കിച്ചനർ, വാട്ടർലൂ, കേംബ്രിഡ്ജ് നഗരാതിർത്തികളിലുള്ള വിവിധ അസോസിയേഷനുകളുടെ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് അസ്സോസിയേഷനുകളുമായി 2018-ലാണ് ഫാമിലി സ്പോർട്സ് ഫെസ്റ്റ് ആരംഭിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ അസ്സോസിയേഷനുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും കൂടുതൽ മത്സര ഇനങ്ങൾ ചേർക്കുമെന്നും സംഘാടകർ അറിയിച്ചു.