സെൻ്റ് ജോൺസ് : പടിഞ്ഞാറൻ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പട്ടണമായ ഡീർ ലേക്കിലുണ്ടായ വിമാനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം ആണ് മരിച്ചത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 27 വയസ്സുള്ള യാത്രക്കാരനും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ഡീർ ലേക്ക് റീജനൽ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം ഏകദേശം ഒരു കിലോമീറ്റർ അകലെ തകർന്നു വീഴുകയായിരുന്നു. കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡിൽ രജിസ്റ്റർ ചെയ്ത പൈപ്പർ പിഎ-31 നവാജോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.