എഡ്മിന്‍റൻ : നഗരത്തിലെ കുറ്റകൃത്യ നിരക്ക് കുറയുന്നതായി എഡ്മിന്‍റൻ പൊലീസ് സർവീസ് റിപ്പോർട്ട്. 2023 മുതൽ 2024 വരെയുള്ള കുറ്റകൃത്യങ്ങളിൽ ആറു ശതമാനം കുറവുണ്ടായതായി സിറ്റി പൊലീസ് ഇടക്കാല മേധാവി വാറൻ ഡ്രീഷൽ പറഞ്ഞു. അതേസമയം മയക്കുമരുന്ന് കള്ളക്കടത്ത്, കടകളിൽ നിന്നുള്ള മോഷണം എന്നിവ കുത്തനെ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. പൊലീസിന്‍റെ ക്രിയാത്മകമായ പ്രവർത്തനത്തിലൂടെയാണ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിൽ റിപ്പോർട്ട് ചെയ്ത ചെറിയ മോഷണങ്ങളിലും ആയുധ കുറ്റകൃത്യങ്ങളിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം 2023 മുതൽ 2024 വരെയുള്ള കാലയളവിൽ ചില കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചു. ഒപിയോയിഡുകൾ, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ എന്നിവയുടെ കള്ളക്കടത്ത് യഥാക്രമം 152%, 116%, 73% എന്നിങ്ങനെ വർധിച്ചതായി വാറൻ ഡ്രീഷൽ അറിയിച്ചു. ലൈംഗീകാതിക്രമം (55 ശതമാനം), കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് (37 ശതമാനം), പ്രൊബേഷൻ ലംഘനം (19 ശതമാനം), ആയുധങ്ങൾ കൈവശം വയ്ക്കുന്നത് (15 ശതമാനം), മോഷണം (15 ശതമാനം), തീവയ്പ്പ് (11 ശതമാനം) എന്നിവയിലും വർധനയുണ്ടായി.