ഓട്ടവ : രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ അതിശക്തമായ ചൂടും ഈർപ്പവും തുടരുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ചില പ്രദേശങ്ങളിൽ ഈർപ്പത്തിനൊപ്പം താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ വരെ അഞ്ച് പ്രവിശ്യകളിലും ഒരു റ്റെറിട്ടറിയിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം മിക്ക പ്രദേശങ്ങളിലും രണ്ടു ദിവസമായി തുടരുന്ന അതിശക്തമായ ചൂടിൽ നിന്നും ബുധനാഴ്ച ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത ചൂടിനൊപ്പം മൂന്ന് പ്രവിശ്യകളിലും ഒരു റ്റെറിട്ടറിയിലും വായു ഗുണനിലവാര മുന്നറിയിപ്പുകളും പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് രാവിലെ 8 മണി വരെ, കാനഡയിലെ ഏറ്റവും ചൂടേറിയ സ്ഥലം 26.3 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്ത ഒൻ്റാരിയോയിലെ പോർട്ട് വെല്ലർ ആണ്. മൈനസ് 0.4 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടുന്ന നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ കേപ്പ് പ്രൊവിഡൻസാണ് ഏറ്റവും തണുപ്പുള്ള സ്ഥലം.
അറ്റ്ലാൻ്റിക് കാനഡ
നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ന്യൂബ്രൺസ്വിക്കിന്‍റെ തെക്കുകിഴക്കൻ പകുതിയിലും കടുത്ത ചൂട് അനുഭവപ്പെടും. ഹാലിഫാക്സ് പ്രദേശത്തെ പകൽ സമയത്തെ ഉയർന്ന താപനില ചൊവ്വാഴ്ച 29 നും 31 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹ്യുമിഡെക്സ് മൂല്യത്തിനൊപ്പം 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഫ്രെഡറിക്ടണിലും മോങ്ക്ടണിലും താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഒൻ്റാരിയോ, കെബെക്ക്
കെബെക്ക് ഗാറ്റിനോയിൽ അതിശക്തമായ ചൂട് അനുഭവപ്പെടും. അവിടെ താപനില ഏകദേശം 31 ഡിഗ്രി സെൽഷ്യസായിരിക്കും. ഓട്ടവ, ടൊറൻ്റോ, ലണ്ടൻ ഒൻ്റാരിയോ, വിൻസർ ഉൾപ്പെടെ തെക്കുകിഴക്കൻ, തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയുടെ മിക്ക ഭാഗങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരും.
ബ്രിട്ടിഷ് കൊളംബിയ
ബ്രിട്ടിഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർ പകൽ സമയത്ത് അസാധാരണമാംവിധം ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒകനാഗൻ, കരിബൂ, ഫ്രേസർ കാന്യോൺ, വെസ്റ്റ് കൂട്ടെനെ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

നോർത്ത് വെസ്റ്റ് ടെറിറ്ററീസ്
നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ റിഗ്ലി, ഫോർട്ട് സിംപ്സൺ, പ്രൊവിഡൻസ്, ലിയാർഡ് നഗരങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ പകൽ സമയത്ത് 30 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയർന്ന താപനില അനുഭവപ്പെടും.
പ്രയറി പ്രവിശ്യകളിൽ കാട്ടുതീയിൽ നിന്നുള്ള പുക ഉയരുന്നതിനാൽ ടിമ്മിൻസ്, മൂസോണി, കെനോറ എന്നിവയുൾപ്പെടെ നഗരങ്ങളിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. മാനിറ്റോബ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇത് കൂടുതൽ വഷളാകുമെന്ന് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം സൂചിപ്പിക്കുന്നു.