ടൊറൻ്റോ : ഒൻ്റാരിയോയിൽ നിയമപരമായി പേരുമാറുന്നതിനുള്ള നടപടിക്രമങ്ങളിൽ കനത്ത കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. സർവീസ് ഒൻ്റാരിയോയിൽ പേര് മാറ്റത്തിന് സാധാരണ 12 ആഴ്ചകളാണ് എടുക്കുന്നത്. എന്നാൽ, നിലവിൽ പേര് മാറ്റത്തിന് അപേക്ഷ നൽകി 19 ആഴ്ചകൾക്ക് ശേഷവും നടപടി ഉണ്ടായിട്ടില്ലെന്ന് നിരവധി ആളുകൾ പരാതിപ്പെടുന്നു.

എല്ലാ പേര് മാറ്റ അപേക്ഷകളും ഒൻ്റാരിയോയിലെ തണ്ടർ ബേയിലെ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസ് വഴിയാണ് പ്രോസസ്സ് ചെയ്യുന്നത്. അതേസമയം കാലതാമസത്തിന് പിന്നിലെന്താണ് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നില്ലെങ്കിലും ഒരു പരിഹാരത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ പറയുന്നു. വർധിച്ചു വരുന്ന അപേക്ഷകളുടെ എണ്ണം പരിഹരിക്കുന്നതിനും പ്രോസസിങ് സമയം കുറയ്ക്കുന്നതിനുമുള്ള വഴികൾ കണ്ടെത്തുന്നതിനും സർവീസ് ഒൻ്റാരിയോ പ്രവർത്തിക്കുന്നുണ്ടെന്ന് ഏജൻസി വക്താവ് പറയുന്നു. അടിയന്തര ആവശ്യങ്ങൾക്കാണ് പേര് മാറ്റ അപേക്ഷ സമർപ്പിക്കുന്നതെന്ന് തെളിയിച്ചാൽ പ്രോസസിങ് നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും വക്താവ് അറിയിച്ചു. ഇതിനായി അപേക്ഷകർ 1-800-461-2156 അല്ലെങ്കിൽ 416-325-8305 എന്ന നമ്പറിൽ സർവീസ് ഒൻ്റാരിയോയുമായി ബന്ധപ്പെടണം.
