ടൊറൻ്റോ : വാടകവീടുകളുടെ നവീകരണത്തിന്‍റെ മറവിൽ വാടക വർധിപ്പിക്കുന്നതിനായി അനാവശ്യമായ കുടിയൊഴിപ്പിക്കലുകൾ തടയുക എന്ന ലക്ഷ്യത്തോടെ ടൊറൻ്റോയിൽ പുതിയ വാടകനിയമം വരുന്നു. മേയർ ഒലിവിയ ചൗ അവതരിപ്പിച്ച റെന്‍റൽ റിനവേഷൻ ലൈസൻസ് നിയമം ജൂലൈ 31 മുതൽ പ്രാബല്യത്തിൽ വരും.

വാടകക്കാരെ ഒഴിപ്പിച്ച് വീടുകൾ നവീകരിക്കുകയും വാടകക്കാർ തിരിച്ചെത്തുമ്പോൾ വാടക കുത്തനെ കൂട്ടുന്നതായി നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. 2024 നവംബറിൽ അംഗീകരിച്ച നിയമം പ്രാബല്യത്തിൽ വരുന്നതോടെ വാടകവീടുകൾ ഒഴിപ്പിക്കേണ്ടത് ആവശ്യമായ നവീകരണത്തിനാണോ എന്ന് വാടകദാതാക്കൾ തെളിയിക്കേണ്ടി വരും.
റെന്‍റൽ റിനവേഷൻ ലൈസൻസ് നിയമം
- വാടകദാതാക്കൾ നഗരസഭയിൽ “റെന്‍റൽ റിനവേഷൻ ലൈസൻസ്” അപേക്ഷിക്കണം.
- വാടകക്കാരെ ഔദ്യോഗികമായി പുറത്താക്കുന്നതിന് ഏഴു ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം
- വാടകവീട് നവീകരണം നടത്തുവാൻ വാടകക്കാർ മാറിനിൽക്കണം എന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് അപേക്ഷയോടൊപ്പം നൽകണം
- വാടകദാതാക്കൾ വാടകക്കാരെ വീണ്ടും വീട്ടിൽ താമസിപ്പിക്കുന്നതിനുള്ള പദ്ധതിയും താത്കാലിക താമസ സൗകര്യമോ നഷ്ടപരിഹാരമോ നൽകണം
- അപേക്ഷ ഫീസ് ആയി 700 ഡോളർ നൽകണം