ഹാലിഫാക്സ് : പ്രവിശ്യയുടെ വടക്കൻ മേഖലയിൽ അഞ്ചാംപനി പടരുന്നതായി നോവസ്കോഷ ഹെൽത്ത് മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇതുവരെ 35 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ട് കേസുകൾ ലാബ് സ്ഥിരീകരിച്ചതാണെന്നും, മറ്റ് കേസുകൾ മറ്റു അണുബാധിതരിൽ നിന്നും പകർന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കുറഞ്ഞ വാക്സിനേഷൻ നിരക്കുള്ള കമ്മ്യൂണിറ്റികളിലാണ് അഞ്ചാംപനി പടരുന്നതെന്ന് ഏജൻസി പറയുന്നു.

ജൂലൈ 7-ന് വടക്കൻ മേഖലയിൽ ഒരു കേസ് മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ, കഴിഞ്ഞ ആഴ്ച അഞ്ചാംപനി ബാധിതരുടെ എണ്ണം 30 ആയി വർധിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ട് പബ്ലിക് എക്സ്പോഷർ സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. അഞ്ചാംപനി വൈറസ് ബാധിച്ചവർക്ക് സാധാരണയായി ഏഴ് മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുമെന്ന് പബ്ലിക് ഹെൽത്ത് പറയുന്നു. അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ പോലും കാരണമാകുന്ന പകർച്ചവ്യാധിയാണ്. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് പടരുന്നു. പനി, ചുമ, മൂക്കൊലിപ്പ്, ശക്തമായ പനി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം വായിലും തൊണ്ടയിലും ചുവന്ന ചുണങ് പ്രത്യക്ഷപ്പെടും. അഞ്ചാംപനി കൂടുതൽ ഗുരുതരമായാൽ ന്യുമോണിയ, ചെവിക്ക് അണുബാധ, അന്ധത, ബധിരത തുടങ്ങിയവയ്ക്ക് കാരണമാകും.