കെബെക്ക് സിറ്റി : അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രവിശ്യയിലെ ജനസംഖ്യ കുറയുമെന്ന് കെബെക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള സമീപകാല സർക്കാർ നയങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം 2030 ആകുമ്പോഴേക്കും പ്രവിശ്യയിലെ ജനസംഖ്യയിൽ 80,000 കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെർട്ടിലിറ്റി നിരക്കുകളും രാജ്യാന്തര കുടിയേറ്റ രീതികളും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

2024-ൽ കെബെക്കിലെ ജനസംഖ്യ 91 ലക്ഷത്തിനടുത്തായിരുന്നുവെന്ന് ഏജൻസി പറയുന്നു. കുടിയേറ്റ നിയന്ത്രണങ്ങൾ കാരണം അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ സംഖ്യ ഏകദേശം 92 ലക്ഷം മാത്രമേ ആകുവെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. 2021-നും 2051-നും ഇടയിൽ കെബെക്ക് സിറ്റി മേഖലയിലായിരിക്കും ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ച ഉണ്ടാവുക. അതേസമയം മൺട്രിയോൾ മേഖലയിലെ ജനസംഖ്യ കുറയുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. കെബെക്ക് സിറ്റിയിലെ ജനസംഖ്യ 21% വളർച്ച കൈവരിക്കും. എന്നാൽ 30 വർഷത്തിനുള്ളിൽ മൺട്രിയോളിലെ ജനസംഖ്യ 4.5% കുറയുമെന്നും ഏജൻസി കണക്കാക്കുന്നു.