വാഷിംഗ്ടൺ ഡി സി : ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ചുമത്തുന്ന ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഓഗസ്റ്റ് 1 മുതൽ സെമി-ഫിനിഷ്ഡ് ചെമ്പ് ഉൽപ്പന്നങ്ങൾക്കും ചെമ്പ്-ഇന്‍റൻസീവ് ഡെറിവേറ്റീവ് ഉൽപ്പന്നങ്ങൾക്കും 50% തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. എന്നാൽ, ചെമ്പ് അയിരുകൾ, കോൺസെൻട്രേറ്റുകൾ, മാറ്റുകൾ, കാഥോഡുകൾ, ആനോഡുകൾ തുടങ്ങിയ ചെമ്പ് സ്ക്രാപ്പും ചെമ്പ് ഇൻപുട്ട് വസ്തുക്കളും താരിഫുകളിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ആഗോള ചെമ്പ് ശുദ്ധീകരണത്തിൽ ചൈനയുടെ ആധിപത്യം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ ട്രംപ് ഉത്തരവിട്ട സെക്ഷൻ 323 പ്രകാരമുള്ള യുഎസ് അന്വേഷണത്തിന് ശേഷമാണ് ഈ നടപടി. താരിഫുകൾക്കൊപ്പം, യുഎസിൽ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള സ്ക്രാപ്പ് 25% രാജ്യത്തിനുള്ളിൽ വിൽക്കണമെന്ന് ആവശ്യപ്പെടുന്നതുൾപ്പെടെ ആഭ്യന്തര ചെമ്പ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.