ഡബ്ലിൻ : അയർലൻഡിൽ വീണ്ടും ഇന്ത്യൻ വംശജനെതിരെ ആക്രമണം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വംശജർ ആക്രമണത്തിനിരയാകുന്നത്. ആഴ്‌ചകൾക്ക് മുമ്പ് അയര്‍ലന്‍ഡിലെ ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡിൽ ഒരു കൂട്ടം ഐറിഷ് യുവാക്കള്‍ ഇന്ത്യൻ പൗരനെ ക്രൂരമായി മർദിച്ചിരുന്നു. ഇതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്നേയാണ് ഡബ്ലിനിലെ ലൂക്കൻ ലിഫി വാലിയിൽ ഒരു ഇന്ത്യൻ ഡോക്ടർ ആക്രമിക്കപ്പെട്ടത്.

ഡാറ്റാ സയൻ്റിസ്റ്റ് ആയ ഡോ. സന്തോഷ് യാദവ് (32) ആണ് ഞായറാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. ആറംഗ സംഘം സന്തോഷ് യാദവിനെ കാരണം കൂടാതെ ആക്രമിക്കുകയായിരുന്നു. സൈക്കിള്‍ ചെയിൻ പോലുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സന്തോഷിന്‍റെ മുഖത്തും കവിള്‍ത്തടത്തിലും ഗുരുതര പരുക്കേറ്റിട്ടുണ്ട്. വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. മൊഴിയെടുക്കാൻ പോലും പൊലീസ് എത്തിയില്ലെന്ന് സന്തോഷ് യാദവ് ആരോപിക്കുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരാണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ പറയുന്നു.