Sunday, August 17, 2025

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെയുള്ള ആക്രമണം വർധിക്കുന്നു: എഡ്മിന്‍റൻ പൊലീസ്

എഡ്മിന്‍റൻ : നഗരത്തിലും പരിസരപ്രദേശങ്ങളിലും ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. സമ്പന്നരായ ദക്ഷിണേഷ്യൻ ബിസിനസ്സ് ഉടമകളെയും ഭവനനിർമ്മാതാക്കളെയുമാണ് ഗുണ്ടാ സംഘങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് എഡ്മിന്‍റൻ പൊലീസ് ഡെപ്യൂട്ടി ചീഫ് വാറൻ ഡ്രീഷൽ പറഞ്ഞു. മെയ് മാസം മുതൽ റിപ്പോർട്ട് ചെയ്ത ആറു കേസുകൾ മുൻ ആക്രമണങ്ങളോട് സാമ്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2024-ൽ കേസുകളുടെ എണ്ണം വർധിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് താൽക്കാലികമായി ഒതുങ്ങിയ സംഘങ്ങൾ വീണ്ടും ആക്രമണം പുനഃരാരംഭിച്ചിരിക്കുകയാണ്.

ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ തുടങ്ങിയ പ്രവിശ്യകളിൽ സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ പലപ്പോഴും ഇരകളെ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെടുന്നത്. തുടർന്ന് പണം ആവശ്യപ്പെടുകയും തട്ടിക്കൊണ്ടുപോകൽ ഭീഷണി ഉയർത്തുകയുമാണ് പതിവ്. പ്രതികൾക്ക് പലപ്പോഴും ഇരയുടെ പേരും അവരുടെ ഫോൺ നമ്പറും വിലാസവും ബിസിനസ് വിവരങ്ങളും അറിയാമെന്ന് പൊലീസ് പറയുന്നു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും ബന്ധമുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി, ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ തുടങ്ങിയവർ ഈ നീക്കത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!