ഓട്ടവ : കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കാനുള്ള ശ്രമം ആരംഭിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇനി മുതൽ കുടിയേറ്റ അപേക്ഷ നിരസിക്കുമ്പോൾ നൽകുന്ന കത്തുകളിൽ, എന്തുകൊണ്ടാണ് അപേക്ഷ നിരസിച്ചതെന്നതിനുള്ള വിശദീകരണം അടങ്ങിയ കുറിപ്പുകളും ഉൾപ്പെടുത്തുമെന്ന് ഐആർസിസി അറിയിച്ചു. ജൂലൈ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും തീരുമാനമെടുത്ത ഓഫീസറായിരിക്കും വിശദീകരണം നൽകുകയെന്നും ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇതുവരെ കുടിയേറ്റ അപേക്ഷ നിരസിക്കുമ്പോൾ ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കുന്ന വിവരങ്ങൾ അപേക്ഷകർക്ക് നൽകാറില്ലായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് ഐആർസിസി വ്യക്തമാക്കി.

താൽക്കാലിക താമസ വീസ (Temporary Resident Visa), വീസ എക്സ്റ്റൻഷൻ അപേക്ഷകൾ, സന്ദർശക രേഖകൾ (Visitor Records), സ്റ്റുഡൻ്റ് വീസ (Study Permits), വർക്ക് പെർമിറ്റ് (Work Permits) എന്നീ അപേക്ഷകൾക്ക് പുതിയ നിയമം ബാധകമായിരിക്കും. എന്നാൽ, ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷനുകളും താൽക്കാലിക താമസാനുമതികളും (TRPs) ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ഐആർസിസി അറിയിച്ചു.