വിനിപെഗ് : കാട്ടുതീ പടരുന്ന സാഹചര്യത്തിൽ 30 ദിവസത്തേക്ക് കൂടി അടിയന്തരാവസ്ഥ നീട്ടി തോംസൺ സിറ്റി. ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വന്ന അടിയന്തരാവസ്ഥ നീട്ടുന്നതിനുള്ള പ്രമേയത്തിൽ കൗൺസിൽ വോട്ട് ചെയ്തതായി സിറ്റി വക്താവ് അറിയിച്ചു. വെള്ളിയാഴ്ചയോടെ താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കമ്മ്യൂണിറ്റിക്ക് സമീപം മൂന്ന് കാട്ടുതീകൾ നിയന്ത്രണാതീതമായി കത്തിപ്പടരുന്നുണ്ട്. ഇതിൽ മാനിറ്റോബ NO061 കാട്ടുതീ ചൊവ്വാഴ്ച വരെ, തോംസണിൽ നിന്ന് 14 കിലോമീറ്റർ അകലെ വരെ എത്തിയിട്ടുണ്ട്. നിലവിൽ മാനിറ്റോബ NO061 കാട്ടുതീ 18,365 ഹെക്ടർ വിസ്തൃതിയിലാണ് പടരുന്നത്. അതേസമയം കെബെക്കിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നുണ്ട്. ബുധനാഴ്ച മറ്റൊരു സംഘം കാട്ടുതീ പോരാട്ടത്തിൽ പങ്കുചേരുമെന്നും സിറ്റി വക്താവ് പറഞ്ഞു.