ഹാലിഫാക്സ് : നോർത്തേൺ നോവസ്കോഷയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം ഉയരുന്നതായി നോവസ്കോഷ ഹെൽത്ത് റിപ്പോർട്ട് ചെയ്തു. മേഖലയിൽ അഞ്ചാംപനി കേസുകളുടെ എണ്ണം 44 ആയി ഉയരുകയും ഒരു കുട്ടിയെ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. പ്രവിശ്യയുടെ വടക്കൻ മേഖലയിൽ കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ അതോറിറ്റി പറയുന്നു. പക്ഷേ പൊതുജനങ്ങൾക്കുള്ള അപകടസാധ്യത കുറവാണ്, കാരണം മിക്ക ആളുകൾക്കും വാക്സിൻ ലഭിക്കുകയോ മുന്നേ അണുബാധിതരാവുകയോ ചെയ്തിട്ടുണ്ട്.

ഹാലിഫാക്സിലെ ഐഡബ്ല്യുകെ ഹെൽത്ത് സെൻ്റിറിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. കുട്ടി എത്തുന്നതിന് മുമ്പ് വിവരം ലഭിച്ചിരുന്നെന്നും മറ്റ് രോഗികൾക്കും ജീവനക്കാർക്കും അഞ്ചാംപനി പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.