വാഷിങ്ടണ്‍: കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ 35% അധിക തീരുവയില്‍ നിരാശ പ്രകടിപ്പിച്ച് കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ 25 ശതമാനമായിരുന്ന തീരുവയാണ് 35 ശതമാനമായി ഉയര്‍ത്തിയത്. അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഫെന്റനൈല്‍ പോലുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ കാനഡയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്ന് യുഎസ് ആരോപിക്കുന്നു. എന്നാല്‍, യുഎസിലേക്കുള്ള ഫെന്റനൈല്‍ മയക്കുമരുന്നുകളുടെ ഒഴുക്ക് ഒരു ശതമാനം മാത്രമാണ് കാനഡയില്‍ നിന്നുള്ളതെന്നും, ഇത് കുറയ്ക്കാന്‍ തങ്ങള്‍ തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാര്‍ണി വ്യക്തമാക്കി.

ട്രംപിന്റെ ഈ നടപടി കാനഡ-യുഎസ്-മെക്സിക്കോ കരാറിന് (USMCA) പുറത്തുള്ള ഉല്‍പ്പന്നങ്ങളെയാണ് പ്രധാനമായും ബാധിക്കുക. മരം, സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍ തുടങ്ങിയ വ്യവസായങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്ന് കാര്‍ണി പറഞ്ഞു. കനേഡിയന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിനും വ്യവസായങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും കയറ്റുമതി വിപണികള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് ഒന്നിന് മുമ്പ് വ്യാപാര കരാറുകള്‍ അന്തിമമാക്കണമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയപരിധിക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്. കാനഡ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നീക്കം വ്യാപാര ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും, അത് ഒരു തടസ്സമാകില്ലെന്ന് പിന്നീട് പറഞ്ഞിരുന്നു.

കാനഡയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2024-ല്‍ 76,210 കോടി ഡോളറായിരുന്നു. കാനഡയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 75 ശതമാനവും യുഎസിലേക്കാണ്. അതിനാല്‍, ഈ താരിഫ് വര്‍ധന കനേഡിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.