റെജൈന : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ 35% താരിഫ് നിരക്ക് നിരാശാജനകമാണെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. എന്നാൽ, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന പ്രതികാര നടപടികളിൽ നിന്ന് കാനഡ വിട്ടുനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും സാമ്പത്തിക വികസനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതിനുമായി “സ്ട്രോങ്ങ് സസ്കാച്വാൻ, സ്ട്രോങ്ങ് കാനഡ പദ്ധതി” ഫെഡറൽ സർക്കാർ സ്വീകരിക്കണമെന്ന് സ്കോട്ട് മോ പറഞ്ഞു.

കൂടാതെ കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ (CUSMA) പ്രാബല്യത്തിൽ തുടരുന്നുവെന്ന് കാനഡ ഉറപ്പുവരുത്തണമെന്നും പ്രീമിയർ നിർദ്ദേശിച്ചു. ഇതിലൂടെ യുഎസിലേക്കുള്ള സസ്കാച്വാൻ കയറ്റുമതിയുടെ 95 ശതമാനവും താരിഫ് രഹിതമായി തുടരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.