ഡാലസ് : ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ സേവനം വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനായി അമേരിക്കയിലുടനീളം പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകൾ തുറന്ന് ഇന്ത്യ. ഇന്ന് (ഓഗസ്റ്റ് 01) മുതൽ യുഎസിലെ എട്ട് നഗരങ്ങളിൽ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകൾ പ്രവർത്തനമാരംഭിച്ചതായി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര അറിയിച്ചു.

ബോസ്റ്റൺ, കൊളംബസ്, ഡാലസ്, ഡിട്രോയിറ്റ്, അഡിസൺ, ഒർലാൻഡോ, റാലി, സാൻ ജോസ് എന്നിവിടങ്ങളിലായിരിക്കും പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകൾ പ്രവർത്തിക്കുക. കൂടാതെ, ലൊസാഞ്ചലസിൽ മറ്റൊരു ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററും ഉടൻ തുറക്കുമെന്നും വിനയ് ക്വാത്ര പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ എല്ലാ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകളും ശനിയാഴ്ചകളിൽ തുറന്നിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഏകദേശം 54 ലക്ഷം ഇന്ത്യൻ വംശജർ യുഎസിൽ താമസിക്കുന്നുണ്ട്.