വിനിപെഗ് : വെസ്റ്റ് നൈൽ വൈറസ് മാനിറ്റോബയിലുടനീളം വ്യാപിച്ചതായി പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച 12 പ്രദേശങ്ങളിൽ വെസ്റ്റ് നൈൽ വാഹകരായ കൊതുകുകളെ കണ്ടെത്തിയതായി പ്രവിശ്യാ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സതേൺ ഹെൽത്ത്-സാന്റേ സുഡ് ഹെൽത്ത് മേഖലയിലാണ്. മോർഡനിൽ മാത്രം അഞ്ച് പോസിറ്റീവ് കേസുകൾ കണ്ടെത്തിയതായി അധികൃതർ റിപ്പോർട്ട് ചെയ്തു. വിനിപെഗ്, വിങ്ക്ലർ, ആൾട്ടോണ എന്നിവിടങ്ങളിലും പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ മാനിറ്റോബയിൽ ഒരാൾക്ക് മാത്രമേ വെസ്റ്റ് നൈൽ വൈറസ് ബാധയുണ്ടായിട്ടുള്ളൂ. ഇത് കാനഡയ്ക്ക് പുറത്തുള്ള യാത്രയുമായി ബന്ധപ്പെട്ടതാണ്.

സമീപകാല മഴയും ചൂടുള്ള കാലാവസ്ഥയും കൊതുകുകളുടെ എണ്ണം വർധിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വെസ്റ്റ് നൈൽ വൈറസ് സാധ്യത നിലവിൽ മാനിറ്റോബയിൽ കുറവാണെങ്കിലും ഓഗസ്റ്റിൽ ഇത് വർധിക്കാൻ സാധ്യതയുണ്ട്, ഉദ്യോഗസ്ഥർ പറഞ്ഞു.

വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന ആർഎൻഎ വൈറസ് ആണ് വെസ്റ്റ് നൈൽ വൈറസ്. ഇത്, ഫ്ലാവിവിറിഡേ കുടുംബത്തിലെ ഫ്ലാവിവൈറസ് ജീനസിൽപ്പെടുന്നു. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ആണ് പ്രധാനമായും ഈ രോഗം പകർത്തുന്നത്. രോഗബാധിതനായ കൊതുകിന്‍റെ കടിയാൽ മനുഷ്യരിലേക്ക് പകരാം. കൊതുകുകടിയേറ്റതിന് ശേഷം രണ്ട് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗബാധയുണ്ടായാലും എൺപത് ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. പനി, തലവേദന, ഓക്കാനം, ഛർദ്ദി, ശരീരവേദന, ചർമ്മത്തിലെ ചുണങ്ങു, വീർത്ത ലിംഫ് നോഡുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രായമായവരിലോ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് ഗുരുതരമായ രോഗത്തിന് കാരണമാകും.