കാലിഫോർണിയ : ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്ന വിദേശ ഭീകര സംഘടനയ്ക്ക് ധനസഹായം നൽകിയെന്ന് ആരോപിച്ച് കാലിഫോർണിയയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസ് വംശജനായ മാർക്ക് ലോറെൻസോ വില്ലാനുവേവ (28)യെയാണ് കാലിഫോർണിയയിലെ ലോങ് ബീച്ചിൽ വെള്ളിയാഴ്ച എഫ്ബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്‍റെ ഭാഗമായി മാർക്ക് ലോറെൻസോ വില്ലാനുവേവയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബ് എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയിട്ടുണ്ട്. അതേസമയം മാർക്ക് ലോറെൻസോ 20 വർഷം വരെ ഫെഡറൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ആദ്യം സോഷ്യൽ മീഡിയ വഴി ഐഎസ്ഐഎസ് അംഗങ്ങളായ രണ്ടു പേരുമായി വില്ലാനുവേവ ആശയവിനിമയം നടത്തിയിരുന്നതായി എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥർ വെളുപ്പെടുത്തി. ആ സന്ദേശങ്ങളിൽ, ഐ.എസിനെ പിന്തുണയ്ക്കാനുള്ള ആഗ്രഹം വില്ലാനുവേവ പ്രകടിപ്പിക്കുകയും ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് പണം അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മാസത്തിനിടെ, വിദേശത്തേക്ക് 1,615 യുഎസ് ഡോളർ വീതം 12 തവണ വില്ലാനുവേവ അയച്ചതായും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.