ഓട്ടവ : സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് ഒൻ്റാരിയോ ഓക്ക്‌വില്ലിലുള്ള റൈഡിങ് ഓഫീസ് താൽക്കാലികമായി അടച്ചതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ജീവനക്കാരെ സുരക്ഷിതരല്ലെന്ന് തോന്നിയതിനെ തുടർന്നാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഈ തീരുമാനം നിസ്സാരമായി എടുത്തതല്ലെന്നും എന്നാൽ, തന്‍റെ ജീവനക്കാരുടെയും ഓഫീസ് സന്ദർശിക്കുന്ന പൊതുജനങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്നും അനിത ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. ഓഫീസ് അടച്ചെങ്കിലും ഓക്ക്‌വിൽ ഈസ്റ്റിലെ ജനങ്ങൾക്കായി തന്‍റെ ടീം “ഫോൺ സന്ദേശങ്ങൾക്കും ഇ-മെയിലുകൾക്കും മറുപടി നൽകുന്നത് തുടരുകയും നിയോജകമണ്ഡലങ്ങളിൽ നിന്നുള്ളവരുമായി ഓഫ്-സൈറ്റ് മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് അനിത ആനന്ദ് പറഞ്ഞു.

രാഷ്ട്രീയക്കാർക്കെതിരായ ഭീഷണികൾ ഉൾപ്പെടുന്ന മറ്റ് സംഭവങ്ങളെ തുടർന്നാണ് ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം. അതേസമയം ഓഫീസിന് പുറത്തുള്ള പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ ഫലമാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്ന് ഓക്ക്‌വിൽ ഓഫീസ് മാനേജർ എലിസബത്ത് ചാൽമേഴ്‌സ് പറയുന്നു.