സിംഗപ്പൂർ : ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടം തുടർന്ന് കാനഡയുടെ സമ്മർ ആൻ മക്കിൻ്റോഷ്. ഞായറാഴ്ച നടന്ന വനിതാ 400 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ റെക്കോർഡ് സമയം കുറിച്ചാണ് സമ്മർ നാലാം സ്വർണ്ണം നേടിയത്. ടൊറൻ്റോയിൽ നിന്നുള്ള സമ്മർ മക്കിൻ്റോഷ് നാല് മിനിറ്റ് 25.78 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 4:33.26 സമയത്തിൽ നീന്തിയെത്തിയ ഓസ്‌ട്രേലിയയുടെ ജെന്ന ഫോറെസ്റ്റർ, ജപ്പാന്‍റെ മിയോ നരിറ്റ എന്നിവർ വെള്ളി മെഡൽ നേടി.

സിംഗപ്പൂരിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ആധിപത്യം സ്ഥാപിച്ച സമ്മർ 200 ബട്ടർഫ്ലൈ, 200 മെഡ്‌ലി, 400 ഫ്രീസ്റ്റൈൽ ഇനങ്ങളിലും സ്വർണ്ണം നേടിയിരുന്നു. കൂടാതെ 800 ഫ്രീസ്റ്റൈലിൽ വെങ്കലവും കരസ്ഥമാക്കി. രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിലായി എട്ട് സ്വർണ്ണം ഉൾപ്പെടെ സമ്മർ മക്കിൻ്റോഷ് 13 മെഡൽ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
