ഓട്ടവ : കാനഡയുടെ വിദേശ വിദ്യാർത്ഥി പ്രവേശന നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അടക്കം തിരിച്ചടിയാകുന്നു. കുടിയേറ്റം വർധിച്ചതോടെ ഭവന പ്രതിസന്ധി, ആരോഗ്യ-ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ സമ്മർദ്ദം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ സർക്കാർ പുതിയ മാറ്റങ്ങൾ വരുത്തിയത്. 2024-ൽ കാനഡ 268,000 ൽ താഴെ പുതിയ പഠന അനുമതികൾ മാത്രമാണ് നൽകിയത്. ഇത് കാനഡയുടെ പുതിയ വിദേശ വിദ്യാർത്ഥികളുടെ പരിധിയുടെ ആദ്യ വർഷത്തിൽ നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ വളരെ കുറവാണ്. 2025-ലെ പഠന പെർമിറ്റുകളുടെ എണ്ണം 4,37,000 ആയി കുറയ്ക്കുമെന്ന് 2024 സെപ്റ്റംബർ 18-ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചിരുന്നു. ഇത് ഈ വർഷത്തെ 4,85,000 എന്ന ലക്ഷ്യത്തിൽ നിന്ന് കുറവാണ്. 2026-ലും ഇതേ കണക്ക് തുടരും.

അതേസമയം 2024-ൽ നൽകിയ പുതിയ പഠന അനുമതികളുടെ ആകെ എണ്ണം 267,890 ആണെന്ന് ഐആർസിസി ICEF മോണിറ്ററിന് സമർപ്പിച്ച ഡാറ്റ സൂചിപ്പിക്കുന്നു. ഇത് 2023-നെ അപേക്ഷിച്ച് 48% കുറവാണ്. കൂടാതെ ഐആർസിസിയുടെ ഔദ്യോഗിക ലക്ഷ്യത്തേക്കാൾ ഏകദേശം 100,000 പഠന അനുമതികളുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള കനേഡിയൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥി എൻറോൾമെൻ്റിൽ 30% മുതൽ 50% വരെ ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാസ്റ്റേഴ്‌സ്, ഡോക്ടറൽ പഠനങ്ങൾ പോലുള്ള പരിധി ഒഴിവാക്കിയ പ്രോഗ്രാം മേഖലകളിലും എൻറോൾമെൻ്റ് കുറഞ്ഞിട്ടുണ്ട്.

വിദേശവിദ്യാർത്ഥി പ്രവേശനത്തിൽ പരിധി ഏർപ്പെടുത്തിയതോടെ കനേഡിയൻ സർവകലാശാലകളും കോളേജുകളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടൽ തുടരുകയാണ്. ഇതുവരെ ഏകദേശം 8,580 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നഷ്ടങ്ങളിൽ ഏകദേശം 60% ഒൻ്റാരിയോയിലെ പൊതു കോളേജുകളിലാണ് ഉണ്ടായിട്ടുള്ളത്.