ഓട്ടവ : കാനഡ-യുഎസ് വ്യാപാരയുദ്ധം തുടരുമ്പോളും ജൂണിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 3.1% വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. എന്നാൽ, യുഎസിലേക്കുള്ള കയറ്റുമതി ജൂണിൽ വർധിച്ചെങ്കിലും വാർഷികാടിസ്ഥാനത്തിൽ 12.5% കുറഞ്ഞതായി ഏജൻസി പറയുന്നു. ഇറക്കുമതി കയറ്റുമതിയേക്കാൾ കുറഞ്ഞതിനാൽ ജൂണിൽ യുഎസുമായുള്ള കാനഡയുടെ വ്യാപാര മിച്ചം 390 കോടി ഡോളറായി ഉയർന്നു. മൊത്തത്തിൽ, ലോകത്തിലുടനീളമുള്ള കാനഡയുടെ വ്യാപാര കമ്മി മെയ് മാസത്തിലെ 550 കോടിയിൽ നിന്നും ജൂണിൽ 590 കോടി ഡോളറായി വർധിച്ചതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

അതേസമയം ഈ മാസത്തിന്‍റെ തുടക്കത്തിൽ യുഎസ് ആഗോള സ്റ്റീൽ, അലുമിനിയം താരിഫ് ഇരട്ടിയാക്കിയതിനൊപ്പം ചില ലോഹ കയറ്റുമതിയിൽ ഇടിവ് സംഭവിച്ചതായും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.