കാലിഫോർണിയ : മധ്യ കാലിഫോർണിയയിലെ നൂറുകണക്കിന് വീടുകൾക്ക് ഭീഷണിയായി കാട്ടുതീ പടർന്നു പിടിക്കുന്നു. ലോസ് പാഡ്രെസ് ദേശീയ വനത്തിൽ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീയിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗിഫോർഡ് തീപിടുത്തം സാൻ്റാ ബാർബറ, സാൻ ലൂയിസ് ഒബിസ്പോ കൗണ്ടികളുടെ തീരദേശ പ്രദേശങ്ങളിൽ 260 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രണാതീതമാണെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു.

വാഹനത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ ഒരു വാഹനയാത്രികനെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുഎസ് ഫോറസ്റ്റ് സർവീസ് വക്താവ് ഫ്ലെമ്മിംഗ് ബെർട്ടൽസൺ റിപ്പോർട്ട് ചെയ്തു. കൂടാതെ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്ന രണ്ട് കരാർ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. തീപിടുത്തം ഏകദേശം നാനൂറ്റി അമ്പതിലധികം വീടുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
