വൻകൂവർ : വൻകൂവർ ദ്വീപിൽ നിയന്ത്രണാതീതമായി പടർന്ന കാട്ടുതീ കാരണം നാനൂറിലധികം ആളുകളെ ഒഴിപ്പിച്ചതായി ബിസി വൈൽഡ്‌ഫയർ സർവീസ്. പോർട്ട് ആൽബെർണിക്കും പാർക്ക്‌സ്‌വില്ലിനും ഇടയിലുള്ള കാമറൂൺ തടാകത്തിലെ വെസ്ലി റിഡ്ജ് കാട്ടുതീ തിങ്കളാഴ്ച വൈകിട്ട് വരെ 511 ഹെക്ടർ വിസ്തൃതിയിൽ പടർന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു.

അഗ്നിശമന സേനാംഗങ്ങൾ ജലവിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും വീടുകൾക്ക് സമീപമുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും ബിസിഡബ്ല്യുഎസ് ഇൻഫർമേഷൻ ഓഫീസർ മാഡിസൺ ഡാൽ അറിയിച്ചു. നിലവിൽ 164 അഗ്നിശമന സേനാംഗങ്ങളും എട്ട് ഹെലികോപ്റ്ററുകളും 24 മണിക്കൂറും തീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ട്. അതേസമയം കാട്ടുതീയിൽ ഏതെങ്കിലും വീടുകൾക്കോ സ്ഥാപനങ്ങൾക്കോ കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് നനൈമോ റീജനൽ ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഹൈവേ 4-ലേക്ക് തീ പടരുന്നത് തടയുകയും റോഡ് തുറന്ന് യാത്ര സുരക്ഷിതവുമാക്കുകയുമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് BCWS പറഞ്ഞു.