ബ്രാംപ്ടൺ : നഗരമധ്യത്തിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം പന്ത്രണ്ടരയോടെ സെന്‍റർ സ്ട്രീറ്റിന്‍റെയും ക്വീൻ സ്ട്രീറ്റ് ഈസ്റ്റിന്‍റെയും ഇന്‍റർസെക്ഷന് സമീപമാണ് സംഭവം.

സംഘർഷത്തെക്കുറിച്ച് വിവരമറിഞ്ഞ് പ്രദേശത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ മൂന്ന് പേരെ പരുക്കേറ്റ നിലയിൽ കണ്ടെത്തി. ഇവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റു രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രതി കസ്റ്റഡിയിൽ തുടരുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും പിആർപി പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ഹോമിസൈഡ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഘർഷത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.