ടൊറൻ്റോ : കാട്ടുതീ പുക നഗരത്തിലേക്ക് ഒഴുകിയെത്തുന്നതിനാൽ ചൊവ്വാഴ്ചയും ടൊറൻ്റോയിലെ വായുഗുണനിലവാരം കുറയുമെന്ന് എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. കാട്ടുതീയിൽ നിന്നുള്ള പുക ഇന്ന് രാവിലെ തെക്കൻ ഒൻ്റാരിയോയുടെ പല ഭാഗങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കാട്ടുതീ പുക ബുധനാഴ്ചയും തുടർന്നേക്കാമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ടൊറൻ്റോയിലെ വായുഗുണനിലവാരം ഇന്ന് രാവിലെ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്.

നഗരത്തിൽ ഇന്ന് വീണ്ടും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തിരിച്ചെത്തും. ചൊവ്വാഴ്ച പകൽ സമയത്തെ ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ 34 ഡിഗ്രി സെൽഷ്യസിനോട് അടുത്ത് പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. പുകയുടെ അളവ് വർധിക്കുന്നതിനനുസരിച്ച് ആരോഗ്യ അപകടസാധ്യതകളും വർധിക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കാട്ടുതീ പുകയില അടങ്ങിയിരിക്കുന്ന സൂക്ഷ്മകണികകൾ കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, ചുമ എന്നിവയ്ക്ക് കാരണമാകും. എന്നാൽ, ശ്വാസതടസ്സം, നെഞ്ചുവേദന, ശക്തമായ ചുമയ്ക്കും കാട്ടുതീ പുക ശ്വസിക്കുന്നത് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.