റെജൈന : തന്നെയും പ്രധാനമന്ത്രി മാർക്ക് കാർണിയേയും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സസ്‌കാച്വാൻ പ്രീമിയർ സ്കോട്ട് മോ. നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം വീഡിയോകൾ ക്രിപ്റ്റോകറൻസി പദ്ധതികൾക്കുള്ള പരസ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജ പരസ്യങ്ങൾ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സ്കോട്ട് മോ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതാദ്യമായിട്ടല്ല തൻ്റെ ചിത്രം ഇത്തരം തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നും, മാർച്ചിലും സമാനമായ സംഭവമുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ തട്ടിപ്പുകൾ തടയുന്നത് ബുദ്ധിമുട്ടാണെങ്കിലും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുമെന്നും സ്കോട്ട് മോ കൂട്ടിച്ചേർത്തു. പ്രവിശ്യയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾക്ക് പണം അയക്കരുതെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന കൺസ്യൂമർ വാച്ച്ഡോഗ് അറിയിച്ചു.
