വൻകൂവർ : പ്രവിശ്യയിലുടനീളം കാട്ടുതീ പടരുമ്പോൾ ജനങ്ങളിൽ ആശങ്കയും തെറ്റിധാരണയും സൃഷ്ടിക്കുന്ന വ്യാജ AI ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബിസി വൈൽഡ്‌ഫയർ സർവീസ്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാട്ടുതീയെക്കുറിച്ചുള്ള ഇത്തരം AI ചിത്രങ്ങൾ തെറ്റായ വിവരങ്ങളും അനിശ്ചിതത്വവും സൃഷ്ടിക്കുന്നുണ്ട്.

പീച്ച്‌ലാൻഡ് മേഖലയിലെ ഡ്രോട്ട് ഹിൽ കാട്ടുതീ പ്രതിരോധിക്കുന്ന ഹെലികോപ്റ്ററുകളുടെ ചിത്രങ്ങൾ AI ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ബിസി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. ഈ ചിത്രങ്ങൾ വ്യാജമാണെങ്കിലും സോഷ്യൽ മീഡിയയിൽ വരുമ്പോൾ ആളുകൾ അവ യഥാർത്ഥമാണെന്ന് വിശ്വസിക്കുമെന്നും ഏജൻസി അറിയിച്ചു. അതേസമയം ജനങ്ങൾ കാട്ടുതീ പടരുന്ന സമയത്ത് വിവരങ്ങൾക്കായി സോഷ്യൽ മീഡിയയെ മാത്രം ആശ്രയിക്കരുതെന്നും പ്രവിശ്യാ സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു. ഡ്രോട്ട് ഹിൽ കാട്ടുതീ നിയന്ത്രണവിധേയമാണെന്നും 118 പ്രോപ്പർട്ടികളിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് പിൻവലിച്ചതായും സെൻട്രൽ ഒകനാഗൻ റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു.