എഡ്മിന്‍റൻ : കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിന്‍റെ മത്സരാർത്ഥിത്വം കൊണ്ടും സ്ഥാനാർത്ഥി ബാഹുല്യം കൊണ്ടും ശ്രദ്ധേയമായ ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് വെള്ളിയാഴ്ച (ഓഗസ്റ്റ് 8) ആരംഭിക്കും. ഓഗസ്റ്റ് 18-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുനൂറിലധികം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മധ്യ-കിഴക്കൻ ആൽബർട്ടയിൽ സ്ഥിതി ചെയ്യുന്ന ഈ റൈഡിങ്ങിൽ കാംറോസ്, ഡ്രംഹെല്ലർ, വെയ്ൻറൈറ്റ് എന്നീ മുനിസിപ്പാലിറ്റികൾ ഉൾപ്പെടുന്നു.

ഓഗസ്റ്റ് 8 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 11 തിങ്കളാഴ്ച വരെ മുൻകൂർ വോട്ടെടുപ്പ് നടക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. മുൻകൂർ വോട്ടെടുപ്പിന്‍റെ നാല് ദിവസങ്ങളിലും പ്രാദേശിക സമയം രാവിലെ 9 മുതൽ രാത്രി 9 വരെ വോട്ടർമാർക്ക് അവരുടെ നിയുക്ത പോളിങ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യാം. ഓഗസ്റ്റ് 12 ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ ബാറ്റിൽ റിവർ–ക്രോഫൂട്ടിലുള്ള പ്രാദേശിക ഇലക്ഷൻസ് കാനഡ ഓഫീസിലും വോട്ടർമാർക്ക് വോട്ടുചെയ്യാം.

സ്ഥാനാർത്ഥി പട്ടികയിൽ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനൊപ്പം ലിബറൽ സ്ഥാനാർത്ഥി ഡാർസി സ്പാഡി, എൻഡിപിയുടെ കാതറിൻ സ്വാംപി, സ്വതന്ത്ര സ്ഥാനാർത്ഥി ബോണി ക്രിച്ച്‌ലി എന്നിവരും ഉൾപ്പെടുന്നു. ഏകദേശം 52,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള റൈഡിങ്ങിൽ ഏകദേശം 84,515 വോട്ടർമാരാണുള്ളത്. 20 വർഷത്തിലേറെയായി ഓട്ടവ കാൾട്ടൺ റൈഡിങ്ങിനെ പ്രതിനിധീകരിച്ചിരുന്ന പിയേർ ലിബറൽ സ്ഥാനാർത്ഥിയായ ബ്രൂസ് ഫാൻജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് പൊളിയേവിന് ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചെത്താൻ അവസരം ഒരുക്കുന്നതിനായി, കൺസർവേറ്റീവ് എംപി ഡാമിയൻ കുറേക്ക് ആൽബർട്ടയിലെ ബാറ്റിൽ റിവർ–ക്രോഫൂട്ട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.