ടൊറൻ്റോ : പ്രവിശ്യയിൽ ജനുവരിക്ക് ശേഷം ആദ്യമായി പുതിയ അഞ്ചാംപനി കേസുകളുടെ എണ്ണം കുറഞ്ഞതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. കഴിഞ്ഞ ആഴ്ചയിൽ എട്ട് അഞ്ചാംപനി കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ഏജൻസി അറിയിച്ചു. ഇതോടെ 2024 ഒക്ടോബറിൽ പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം പ്രവിശ്യയിലെ ആകെ രോഗികളുടെ എണ്ണം 2,360 ആയി. ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് ജൂലൈ 29 നും ഓഗസ്റ്റ് 5 നും ഇടയിലുള്ള കേസുകളിൽ ഭൂരിഭാഗവും കാനഡയിലെ മുൻ അഞ്ചാംപനി ഹോട്ട്‌സ്‌പോട്ടായ സൗത്ത്‌വെസ്റ്റേൺ ഒൻ്റാരിയോയിലായിരുന്നു.

രണ്ട് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ജനുവരി 16-നാണ് പ്രവിശ്യയിൽ അവസാനമായി ഒറ്റ അക്കത്തിൽ പുതിയ കേസുകളുടെ എണ്ണം താഴ്ന്നത്. എന്നാൽ, അതിന് ശേഷം പകർച്ചവ്യാധി വർധിച്ചതോടെ ചില ആഴ്ചകളിൽ രോഗികളുടെ എണ്ണം നൂറിലധികമായി ഉയർന്നിരുന്നു. പ്രതിവാര കേസുകളുടെ എണ്ണത്തിലെ കുറവ് സൂചിപ്പിക്കുന്നത് അഞ്ചാംപനി പകരുന്നത് കുറഞ്ഞതായാണെന്നും എന്നാൽ, ജാഗ്രത ആവശ്യമാണെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.