ഓട്ടവ : ജൂലൈയിൽ ദേശീയ ശരാശരി വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.6% കുറഞ്ഞ് 2,121 ഡോളറായി. ഇത് തുടർച്ചയായ പത്താം മാസമാണ് രാജ്യത്തെ വാടക കുറയുന്നത്. കൂടാതെ 2025-ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഇടിവാണിത്. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ ദേശീയ വാടക 4 ഡോളർ കുറഞ്ഞതായും Rentals.ca, Urbanation പ്രതിമാസ റിപ്പോർട്ട് വ്യക്തമാക്കുന്നു. അപ്പാർട്ട്മെൻ്റുകളുടെ വാടക ഒരു വർഷം മുമ്പുള്ളതിനേക്കാൾ 1.7% കുറഞ്ഞ് 2,095 ഡോളറായപ്പോൾ കോണ്ടോമിനിയം അപ്പാർട്ട്മെൻ്റുകൾക്കുള്ള വാടക 5.7% കുറഞ്ഞ് 2,202 ഡോളറുമായി. എന്നാൽ കാനഡയിലെ ശരാശരി വാടക ഇപ്പോഴും രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ രണ്ട് ശതമാനവും മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 11 ശതമാനവും കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജൂലൈയിൽ നോവസ്കോഷയിലാണ് ഏറ്റവും വലിയ വാടക ഇടിവ് രേഖപ്പെടുത്തിയത്. പ്രവിശ്യയിൽ വാടക മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ് 2,275 ഡോളറായി. ശരാശരി വാടക ബ്രിട്ടിഷ് കൊളംബിയയിൽ 4.4% കുറഞ്ഞ് 2,475 ഡോളറും ഒൻ്റാരിയോയിൽ മൂന്ന് ശതമാനം കുറഞ്ഞ് 2,325 ഡോളറുമായതായി Rentals.ca, Urbanation റിപ്പോർട്ടിൽ പറയുന്നു.