ഓട്ടവ : രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും കാട്ടുതീ പുകയും ബാധിക്കുന്നതായി എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. രാജ്യത്തെ പല നഗരങ്ങളിലും പകൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്നും അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, കെബെക്ക്, ഒൻ്റാരിയോ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ കടുത്ത ചൂടാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ പകൽ സമയത്തെ ഏറ്റവും താഴ്ന്ന താപനില 20 ഡിഗ്രി സെൽഷ്യസിനു മുകളിലാണെന്നും ഒൻ്റാരിയോയിലും കെബെക്കിലും ഈർപ്പത്തിനൊപ്പം 35 മുതൽ 40 വരെ ചൂട് കൂടുമെന്നും ഏജൻസി പ്രവചിക്കുന്നു.

കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉഷ്ണതരംഗം (ഹീറ്റ് വേവ്) ആരോഗ്യത്തെയും ശരീരത്തിന്‍റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക. നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന പ്രതിരോധ മാർഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ ചികിത്സ തേടണം.

കാട്ടുതീ പുകയും കാനഡയിലെ വിവിധ നഗരങ്ങളെ ബാധിക്കുന്നുണ്ട്. പ്രധാനമായും വടക്കൻ പ്രൈറികളിൽ നിന്നുള്ള കാട്ടുതീ പുക കാനഡയിലുടനീളം വായുഗുണനിലവാരം മോശമാക്കുകയും ദൃശ്യപരത കുറയ്ക്കുന്നതിനും കാരണമാകുന്നു. കാനഡയിൽ നിലവിൽ 715 കാട്ടുതീകൾ സജീവമായി കത്തുന്നുണ്ട്. ഈ സീസണിൽ ആകെ 4,255 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തത്. ആൽബർട്ട, സസ്കാച്വാൻ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, മാനിറ്റോബ, ന്യൂബ്രൺസ്വിക്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ വായുമലിനീകരണം രൂക്ഷമാണ്.

അതേസമയം ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, സസ്കാച്വാൻ തുടങ്ങിയ പ്രവിശ്യകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നറിയിപ്പ് അനുസരിച്ച്, കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിനും കാരണമാകും.