ടൊറൻ്റോ : ഭവനപ്രതിസന്ധി ടൊറൻ്റോയിൽ വീടുകളുടെ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് റിപ്പോർട്ട്. പുതിയ വീടുകളുടെ നിർമ്മാണത്തിൽ വർധന ഉണ്ടായില്ലെങ്കിൽ 2032 ആകുമ്പോഴേക്കും നഗരത്തിൽ വീടുകളുടെ ശരാശരി വില 18 ലക്ഷം ഡോളറായി ഉയരുമെന്ന് കോൺകോർഡിയ സർവകലാശാലയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇക്വിറ്റണും നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നു. അതേസമയം വൻകൂവറിൽ വീടുകളുടെ ശരാശരി വില 28 ലക്ഷം ഡോളറായി കുതിക്കും.

അതേസമയം ജനസംഖ്യാ വളർച്ചയെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം, പുതിയ വീടുകൾ നിർമ്മിക്കുന്നത് ഇരട്ടിയാക്കുന്നത് വ്യത്യസ്ത നഗരങ്ങളിൽ വ്യത്യസ്തമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസവും നിർമ്മാണ ചെലവുകളും ഭവന നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധിക്ക് പരിഹാരമായി അടുത്ത 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണ നിരക്ക് ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഗ്ദാനം ചെയ്തിരുന്നു.