ഓട്ടവ : റിയർവ്യൂ കാമറ തകരാറിനെ തുടർന്ന് മെഴ്‌സിഡസ്-ബെൻസ് വാഹനങ്ങൾ തിരിച്ചു വിളിച്ച് ട്രാൻസ്‌പോർട്ട് കാനഡ. 2018, 2019 മോഡൽ ബി-ക്ലാസ് മെഴ്‌സിഡസ്-ബെൻസ് 266 വാഹനങ്ങളാണ് തിരിച്ചു വിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ പ്രശ്നം മൂലം റിയർവ്യൂ കാമറ ഇമേജിൻ്റെ ഒരു ചെറിയ ഭാഗം തടസ്സപ്പെടുകയും വാഹനം പിന്നിലേക്ക് എടുക്കുമ്പോൾ ഡ്രൈവർക്ക് പൂർണ്ണമായി കാണാൻ സാധിക്കാതെ വരുകയും അപകട സാധ്യത വർധിക്കുന്നതായും ഏജൻസി പറയുന്നു. ട്രാൻസ്മിഷൻ റിവേഴ്‌സ് ഗിയറിൽ ആയിരിക്കുമ്പോൾ പൂർണ്ണ റിയർവ്യൂ ഇമേജ് പ്രദർശിപ്പിക്കണമെന്ന് കനേഡിയൻ ചട്ടങ്ങൾ ആവശ്യപ്പെടുന്നു.

തകരാറിനെക്കുറിച്ച് മെഴ്‌സിഡസ്-ബെൻസ് വാഹന ഉടമകളെ വിവരം അറിയിക്കും. തുടർന്ന് തകരാർ പരിഹരിക്കാൻ വാഹനം ഡീലർഷിപ്പിൽ എത്തിക്കണം. കൂടാതെ ആവശ്യമെങ്കിൽ റിയർവ്യൂ കാമറ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.