റെജൈന : കാട്ടുതീ പുക വ്യാപനത്തെത്തുടർന്ന് സസ്‌കാച്വാനിൽ വായുഗുണനിലവാരം മോശമായതായി എൻവയൺമെൻറ് കാനഡ. റെജൈന, മൂസ് ജോ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വായു മലിനീകരണം രൂക്ഷമായതായി രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ കാറ്റ് വീശുന്നതോടെ പുക ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജൻസി അറിയിച്ചു. ഈസ്റ്റേൺ സസ്‌കാച്വാനിലെ നാല്പത്തി ആറോളം പ്രദേശങ്ങളിൽ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രത്യേക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

നോർത്തേൺ പ്രവിശ്യകളിലെ കാട്ടുതീയിൽ നിന്നുള്ള പുകയാണ് ഈസ്റ്റേൺ സസ്‌കാച്വാനിലേക്ക് നീങ്ങുന്നത്. മണിക്കൂറുകൾ തോറും വായുവിന്റെ ഗുണനിലവാരത്തിലും കാഴ്ചയിലും മാറ്റമുണ്ടാകാമെന്ന് എൻവയൺമെൻറ് കാനഡ വ്യക്തമാക്കി.
