സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ മൂന്നിടങ്ങളിലായി കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ അണയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി ഫയർ ആൻഡ് റെസ്ക്യൂ അധികൃതർ അറിയിച്ചു. ഇത് കാരണം നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കിങ്സ്റ്റണിലെ തീപിടിത്തം 49 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്തേക്ക് വ്യാപിച്ചതായാണ് വിവരം. മാർട്ടിൻ തടാകത്തിന് സമീപമുള്ള കാട്ടുതീ 2.55 ചതുരശ്ര കിലോമീറ്ററിലും, ഹോളിറൂഡിലെ തീ 0.22 ചതുരശ്ര കിലോമീറ്ററിലും എത്തി. അതേസമയം, ഹോളിറൂഡിലെ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.

തീ അണയ്ക്കാൻ നാല് വാട്ടർ ബോംബറുകളും നാല് ഹെലികോപ്റ്ററുകളും ഗ്രൗണ്ട് ക്രൂവും രംഗത്തുണ്ട്. കാറ്റും വരൾച്ചയും കാരണം ഞായറാഴ്ചയും സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്ന് പ്രവിശ്യാ വക്താവ് അറിയിച്ചു. കിങ്സ്റ്റണിലെ തീ ഓച്ചർ പിറ്റ് കോവിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
