ഓട്ടവ : കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്ക് ജനപിന്തുണ ശക്തമായി തുടരുന്നതായി സർവേ റിപ്പോർട്ട്. അമേരിക്കയുമായി ഈ മാസം ആദ്യം വ്യാപാര കരാറിൽ എത്താൻ കഴിയാതിരുന്നിട്ടും, ജനപിന്തുണയിൽ കുറവുണ്ടായില്ലെന്ന് അബാക്കസ് ഡാറ്റ നടത്തിയ അഭിപ്രായ സർവേയുടെ ഫലങ്ങൾ വ്യക്തമാക്കുന്നു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 7 വരെ 1,686 കനേഡിയൻ പൗരന്മാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ച് 44% കനേഡിയൻ പൗരന്മാരും ആശങ്കയിലാണെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി 62% ആളുകളും ചൂണ്ടിക്കാട്ടുന്നത് വർധിച്ചുവരുന്ന ജീവിതച്ചെലവാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മൂന്നാമത്തെ പ്രധാന പ്രശ്നമായി 37% പേർ രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ 75% പേർ ട്രംപിനോട് പ്രതികൂല മനോഭാവം പുലർത്തുന്നതായി അഭിപ്രായപ്പെട്ടു. ട്രംപ് ഭരണകൂടത്തെ നേരിടാൻ ഏറ്റവും ശക്തമായ പാർട്ടി ലിബറൽ ആണെന്ന് കരുതുന്നവരാണ് 58% പേർ.

അതേസമയം, കാർണി സർക്കാരിന്റെ ജനപ്രീതി കുറയുന്നതായാണ് സർവേ ഫലങ്ങൾ. 50% ആളുകൾ മാത്രമാണ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. ഇത് ജൂലൈ പകുതിയിലെ കണക്കുകളേക്കാൾ രണ്ട് ശതമാനം കുറവാണ്. കഴിഞ്ഞ മാർച്ചിന് ശേഷം ഇതാദ്യമായാണ് ജനപിന്തുണ ഇത്രയും കുറയുന്നത്. നാലിൽ ഒരാൾ ഫെഡറൽ സർക്കാരിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, മൂന്നിലൊന്ന് ആളുകൾക്കും മറ്റൊരു മാർഗം മുന്നോട്ട് വയ്ക്കാനില്ല. ഇനിയൊരു തിരഞ്ഞെടുപ്പ് നടന്നാൽ 43% പേർ ലിബറലുകൾക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.

മാർക്ക് കാർണിക്ക് 48% ജനപിന്തുണ തുടരുമ്പോൾ, പിയേർ പൊളിയേവിന് അനുകൂലമായി 42% പേരും പ്രതികൂലമായി 41% പേരും വോട്ട് രേഖപ്പെടുത്തി.
