ഓട്ടവ : ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നയത്തെക്കുറിച്ച് ഫെഡറൽ സർക്കാർ കൂടുതൽ സുതാര്യത പുലർത്തണമെന്ന് കനേഡിയൻ സെനറ്റർ യുവാൻ പൗ വൂ. 2024 ൽ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി മരവിപ്പിച്ചതായി സർക്കാർ അവകാശപ്പെട്ടിട്ടും മിഡിൽ ഈസ്റ്റിലേക്ക് ആയുധങ്ങൾ അയയ്ക്കാൻ അനുവാദമുണ്ടെന്നതിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ വന്നതായി യുവാൻ പൗ വൂ പറഞ്ഞു. മനുഷ്യാവകാശ ആശങ്ക ചൂണ്ടിക്കാട്ടി 2024 ജനുവരി 8 ന് ഇസ്രയേലിനുള്ള ആയുധ പെർമിറ്റുകൾ കാനഡ നിർത്തിവച്ചതായി അന്നത്തെ വിദേശകാര്യ മന്ത്രി മെലനി ജോളിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ആയുധങ്ങൾ ഇസ്രയേലിലേക്ക് നേരിട്ടോ അല്ലാതെയോ അയച്ചുകൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ കേട്ടപ്പോൾ ഭയന്നുപോയതായി യുവാൻ പൗ വൂ പറഞ്ഞു. സിവിലിയന്മാർ കൊല്ലപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യുന്നു, ഇസ്രയേൽ സർക്കാർ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ,യുവാൻ പൗ വൂ കൂട്ടിച്ചേർത്തു.ഗാസയിൽ ഉപയോഗിക്കാൻ കഴിയുന്ന മാരകായുധങ്ങളുടെയും സൈനിക വസ്തുക്കളുടെയും എല്ലാ കയറ്റുമതിയും തടഞ്ഞുവെന്ന് ഫെഡറൽ സർക്കാർ ആവർത്തിച്ച് അവകാശപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
