ഹാലിഫാക്സ് : കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ഹാലിഫാക്സിലെ ബയേഴ്‌സ് ലേക്ക് മേഖലയിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച തീ ജൂലിയസ് ബൊളിവാർഡിലെ ഡഗ്ഗർ മക്‌നീൽ ഡ്രൈവിലുള്ള കെട്ടിടത്തിന് പിന്നിലെ കാടുകളിൽ ആളിപ്പടരുകയാണെന്ന് ഹാലിഫാക്സ് റീജനൽ ഫയർ ആൻഡ് എമർജൻസി ചീഫ് ഡേവ് മെൽഡ്രം അറിയിച്ചു. ഹാലിഫാക്സ് നഗരമധ്യത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തിരക്കേറിയ ഒരു വ്യവസായ പാർക്കും ഷോപ്പിങ് കേന്ദ്രവുമാണ് ബേയേഴ്‌സ് ലേക്ക്.

ഡഗ്ഗർ മക്നീൽ ഡ്രൈവിലെ ഒരു കെട്ടിടം ഒഴിപ്പിച്ചതായി നോവസ്കോഷ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. ഹാലിഫാക്സ് ഫയർ രക്ഷാപ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ സഹായിക്കുന്നുണ്ടെന്നും ഒഴിപ്പിക്കലുകളും തെരുവ് അടയ്ക്കലുകളും നടക്കുന്നുണ്ടെന്നും സിറ്റി പൊലീസ് റിപ്പോർട്ട് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേയേഴ്‌സ് ലേക്ക് മേഖല ഒഴിവാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.