ഓട്ടവ : ബ്രേക്ക് തകരാർ കാരണം കാനഡയിൽ വിറ്റഴിച്ച ആയിരക്കണക്കിന് ഫോർഡ് വാഹനങ്ങൾ തിരിച്ചു വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 60,221 ഫോർഡ് ലൈറ്റ് ട്രക്കുകൾ, വാനുകൾ, എസ്‌യുവികൾ എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2025 മോഡൽ ഫോർഡ് ബ്രോങ്കോ, ഫോർഡ് എക്സ്പെഡിഷൻ, ഫോർഡ് എഫ്-150, ഫോർഡ് റേഞ്ചർ, ലിങ്കൺ നാവിഗേറ്റർ എന്നിവയാണ് ബാധിച്ച വാഹനങ്ങൾ.

ചില സാഹചര്യങ്ങളിൽ, സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ മോട്ടോർ ഷട്ട് ഡൗൺ ചെയ്യാൻ ഇടയാക്കും. ഇത് ബ്രേക്ക് പെഡൽ ഫോഴ്‌സിൽ പെട്ടെന്ന് വർധനയുണ്ടാക്കും, ട്രാൻസ്‌പോർട്ട് കാനഡ മുന്നറിയിപ്പ് നൽകി. ഈ പ്രശ്‌നം ആൻ്റിലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ബ്രേക്ക് മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവ ഓണാകുന്നതിന് കാരണമാകും. ഇത് അപകട സാധ്യത വർധിപ്പിക്കുകയും ബ്രേക്ക് സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങൾക്കും കാരണമാകും, ഏജൻസി അറിയിച്ചു. വാഹന ഉടമകളെ വിവരം മെയിൽ വഴി അറിയിക്കുകയും ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ മൊഡ്യൂൾ സോഫ്റ്റ്‌വെയറിനായി വയർലെസ് ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് അയയ്ക്കുകയും ചെയ്യുമെന്ന് ഫോർഡ് കാനഡ അറിയിച്ചു.